Saturday, June 6, 2009

സുറുമിയിട്ട കണ്ണുകളും ഉറുമിയേന്തിയ കൈകളും


ചക്കര, പേരു കേട്ടാല്‍ പെണ്ണാണെന്ന് തോന്നുമെങ്കിലും ഒത്ത ഒരു ആണ്‍കുട്ടി.ഷംസുദീന്‍റെ പ്രിയ സുഹൃത്ത്.അത് കൊണ്ടാണല്ലോ ഒരു ഹിന്ദു പെണ്ണിനെ കെട്ടാനുള്ള ഷംസുദീന്‍റെ ആഗ്രഹത്തിനു അവന്‍ കൂട്ട് നിന്നത്.കെട്ട് കഴിഞ്ഞ് ഷംസുദീന്‍ പെണ്ണിനെ വീട്ടില്‍ നിര്‍ത്തിയട്ട് ഗള്‍ഫിനു പോയി.ഇതു വരെ ചക്കര പിന്നെ അങ്ങോട്ട് തിരിഞ്ഞ് നോക്കിയട്ടില്ല.എല്ലാരും പറയും ഭയന്നിട്ടാണെന്ന്, അതല്ല കാരണം പേടിയാ!
പക്ഷേ ഇന്ന് ചക്കര അങ്ങോട്ട് പോകുകയാണ്, എന്ത് പ്രശ്നമുണ്ടായാലും സഹിക്കാന്‍ തയ്യാറായി തന്നെ.പെണ്ണിനു എങ്ങനെ ഉണ്ട് എന്നറിയണമല്ലോ?
പക്ഷേ കാറെടുക്കാന്‍ തുടങ്ങിയപ്പോള്‍ എതിരെ വന്ന ആളിനെ കണ്ട് ചക്കര ഞെട്ടി, മൊട്ടുണ്ണീ.
നല്ല ശകുനം!

'അളിയാ നീ എന്നെ സഹായിക്കണം' മൊട്ടുണ്ണി ആമുഖമിട്ടു.
ഒരു സഹായം ചെയ്തതിന്‍റെ കുരിശുമേറി കാറിലിരുന്ന ചക്കര പിന്നെയും ഞെട്ടി.പക്ഷേ മൊട്ടുണ്ണിയെ അങ്ങനെ ഒഴിവാക്കാനാവില്ല, പ്രിയ സുഹൃത്തല്ലേ.അത് കൊണ്ട് അവന്‍ ചോദിച്ചു:
'എന്താണാവോ?'
'എനിക്ക് കല്യാണം കഴിക്കണം' മൊട്ടുണ്ണിയുടെ മറുപടി.
'അത്രേ ഉള്ളോ, നീ കാറിലോട്ട് കേറ്'
ഒറ്റക്ക് എങ്ങനെ പോകും എന്ന് ആലോചിച്ചിരുന്ന ചക്കരക്ക് മൊട്ടുണ്ണി ഒരു കച്ചിതുരുമ്പായിരുന്നു.കല്യാണത്തിനു താന്‍ സഹായിക്കാം എന്ന് വാക്കു കൊടുത്താണ്‌ മൊട്ടുണ്ണിയേയും ചക്കര ആ യാത്രക്ക് കൂടെ കൂട്ടിയത്.പോകുന്ന വഴിയില്‍ ഷംസുദീന്‍റെ വിട്ടിലേക്കാണെന്നും, കല്യാണം താനും കൂടി ചേര്‍ന്നാ നടത്തിയതെന്നും പറഞ്ഞു.വരാന്‍ ചാന്‍സുള്ള ഭവിഷത്തിനെ കുറിച്ച് മാത്രം ഒന്നും പറഞ്ഞില്ല.
ഓസിനു ഒരു ബിരിയാണി കിട്ടുന്നെങ്കില്‍ ആകട്ടെ എന്ന് കരുതി മൊട്ടുണ്ണിയും കൂടെ കൂടി.അങ്ങനെ അവര്‍ യാതയായി.

വലിയ ഒരു മുസ്ലിം വീട്.സിറ്റൌട്ടില്‍ ഷംസുദീന്‍റെ ഉമ്മ കറിക്ക് അരിഞ്ഞു കൊണ്ട് ഇരിക്കുന്നു.ചക്കരയെ കണ്ട ഉടനെ ഉമ്മ സന്തോഷത്തില്‍ പറഞ്ഞു:
'ആരാ ഇത്, കേറി ഇരിക്കിന്‍'
ഉമ്മയുടെ മുമ്പില്‍ ചക്കരയും മൊട്ടുണ്ണിയും ഇരുന്നു.പെട്ടന്നാണ്‌ ചക്കരക്ക് ഒരു ഫോണ്‍ വന്നത്, ഷംസുദീന്‍റെ ഫോണ്‍.ഉമ്മയുടെ മുമ്പില്‍ നിന്ന സംസാരിക്കേണ്ടാ എന്ന് കരുതിയാകണം ചക്കര ആ ഫോണുമായി വെളിയിലേക്ക് ഇറങ്ങി.സിറ്റൌട്ടില്‍ ഉമ്മയും മൊട്ടുണ്ണിയും മാത്രം.
ഉമ്മ മൊട്ടുണ്ണിയെ നോക്കി ഒന്നു വെളുക്കെ ചിരിച്ചു.മൊട്ടുണ്ണി മനസിലോര്‍ത്തു,
എത്ര നല്ല ഉമ്മ!

ഷംസുദീന്‍റെ പെണ്ണിനെ കാണാന്‍ ആകാംക്ഷയോടിരുന്ന മൊട്ടുണ്ണിയുടെ മനസ്സ് മനസിലായതിനാലാവാം ഉമ്മ അകത്തേക്ക് നോക്കി പറഞ്ഞു:
'മോളേ, ഇതാരാ വന്നിരിക്കുന്നതെന്ന് നോക്ക്....നിന്‍റെ സംബധക്കാര്'
അയ്യോ, ഉമ്മയെന്താ ഇങ്ങനെ പറയുന്നത്.മൊട്ടുണ്ണി അറിയാതെ എഴുന്നേറ്റു.
'മോനിരിക്ക് , അവള്‍ ഇപ്പം വരും' ഉമ്മ.
മൊട്ടുണ്ണി പിന്നെയും ഇരുന്നു.

ആ പെണ്‍കുട്ടി ഒരു ട്രേയില്‍ മാങ്ങാ ജ്യൂസുമായി ആണ്‌ വന്നത്.അത് കണ്ട്(മാങ്ങാ ജ്യൂസ്സ് കണ്ട്) മൊട്ടുണ്ണിയുടെ വായില്‍ വെള്ളമൂറി.അവളെ ഒന്ന് നോക്കി ചിരിച്ചിട്ട്, മൊട്ടുണ്ണി ഒരു ഗ്ലാസെടുത്ത് ചുണ്ടിനോട് ചേര്‍ത്തു.
'എന്‍റെ റബ്ബേ, എല്ലാരും കൂടി എന്‍റെ മോനെ ചതിച്ചല്ലോ?' ഉമ്മയുടെ ആത്മഗതം.
തന്നെയാണോ ഉദ്ദേശിച്ചത്?
മൊട്ടുണ്ണി ഗ്ലാസ്സ് തിരിച്ച് വച്ചു.
'മോനെന്താ നോക്കുന്നെ, മോന്‍ കുടി' ഉമ്മയുടെ പ്രോത്സാഹനം.
ഉം.തന്നെയല്ല.
മൊട്ടുണ്ണി ഗ്ലാസ്സെടുത്ത് വീണ്ടും ചുണ്ടോടടുപ്പിച്ചു.
'കുറച്ച് വിഷം തന്ന് എന്ന് അങ്ങ് കൊല്ലുന്നതായിരുന്നു ഇതിലും നല്ലത്' വീണ്ടും ഉമ്മ.
കര്‍ത്താവേ, തള്ള കത്തിയുമായിരുന്ന് പറഞ്ഞ കേട്ടില്ലേ?
ഇനി ജ്യൂസ്സില്‍ വെഷമുണ്ടോ?
മൊട്ടുണ്ണി ഗ്ലാസ്സ് തിരിച്ച് വച്ചു.
'മോനെന്താ നോക്കുന്നെ, മോന്‍ കുടി' ഉമ്മ
വേറേ ആരെയോ ആണ്.
മൊട്ടുണ്ണി ഗ്ലാസ്സെടുത്ത് വീണ്ടും ചുണ്ടോടടുപ്പിച്ചു.
'ഇവന്‍റെയൊക്കെ തലയില്‍ ഇടിത്തീ വീഴും' ഉമ്മയുടെ പ്രാക്ക്.
ഇക്കുറി മൊട്ടുണ്ണി ഗ്ലാസ്സ് വെച്ചില്ല, പകരം ഉമ്മയെ ദയനീയമായി നോക്കി.

'മോന്‍റെ വീട്ടില്‍ ആരൊക്കെയുണ്ട്?'
ഉമ്മയുടെ ആ ചോദ്യത്തിനു മുട്ടുണ്ണി മറുപടി പറഞ്ഞു:
"അമ്മ, അച്ഛന്‍, അനിയത്തി'
ഇത്രയും പറഞ്ഞിട്ട് മൊട്ടുണ്ണി ഗ്ലാസ്സ് ചുണ്ടോടടുപ്പിച്ചു.
'അമ്മേമ്മ്‌ പെങ്ങളുമുള്ളവര്‍ ചെയ്യുന്ന കാര്യമാണോ ഇവനൊക്കെ കാണിച്ചത്?' ഉമ്മയുടെ ചോദ്യം
അയ്യോ!
മൊട്ടുണ്ണി ഗ്ലാസ്സ് തിരിച്ച് വച്ചു.
'മോനെന്താ നോക്കുന്നെ, മോന്‍ കുടി' ഉമ്മയുടെ സ്നേഹപൂര്‍വ്വമുള്ള നിര്‍ബധം.
ഇനി കുടിക്കണോ വേണ്ടയോ?
മൊട്ടുണ്ണിക്ക് ഭ്രാന്തെടുക്കുന്ന പോലെ തോന്നി.അപ്പോള്‍ മൊട്ടുണ്ണിയെ നോക്കി ഉമ്മ പറഞ്ഞു:
'ഇപ്പം ബാപ്പ, ഇവിടെ വേണമായിരുന്നു, എല്ലാത്തിനെയും വെട്ടി നുറുക്കിയേനെ'
ഇത് കേട്ടതും മൊട്ടുണ്ണി ഒന്നും ആലോചിച്ചില്ല, ഒറ്റ വലിക്ക് ആ ഗ്ലാസ്സ് കാലിയാക്കി.
ചാവുന്നതിനു മുമ്പ് ഒരിറ്റ് വെള്ളമെങ്കിലും ആകട്ടെ!
ഉമ്മയുടെ കൈയ്യിലെ കത്തിയാണോ, അതോ ബാപ്പയുടെ വരവാണോ, അതോ ശരിക്കും ഉഷ്ണമാണോ കാരണം എന്നറിയില്ല, മൊട്ടുണ്ണി വിയര്‍ക്കാന്‍ തുടങ്ങി.

അങ്ങനെ വിയര്‍ത്ത് ഒരു പരുവമായ മൊട്ടുണ്ണിയുടെ അടുത്ത്, ഫോണ്‍ വിളിച്ച് കഴിഞ്ഞ ചക്കര തിരിച്ചെത്തി.എന്നിട്ട് ഒരു ചോദ്യം:
'ആഹാ, നിങ്ങളെല്ലാം പരിചയക്കാരായോ?'
കാലമാടന്‍!
മൊട്ടുണ്ണീക്ക് ഒറ്റ ഇടി കൊടുക്കാനാ തോന്നിയത്.ചെയ്തില്ല പകരം തല ആട്ടി.
ഒരു വിധത്തില്‍ അവിടുന്ന് യാത്ര പറഞ്ഞ് ഇറങ്ങി തിരിച്ച് പോകുന്ന വഴിയില്‍ ചക്കര ചോദിച്ചു:
'നിനക്ക് ആരെ കല്യാണം കഴിക്കണമെന്നാ പറഞ്ഞത്?'
മൊട്ടുണ്ണിയില്‍ അത് വരെ തികട്ടി നിന്ന ദേഷ്യം അണപൊട്ടി.അവന്‍ അലറി പറഞ്ഞു:
'നിന്‍റെ അമ്മായിഅമ്മയെ'
പിന്നല്ല!

Friday, May 1, 2009

മൊട്ടുണ്ണിയുടെ തിരോധാനം-ഒരു ഫ്ലാഷ് ബാക്ക്

കഥ ഇത് വരെ...
നീണ്ട ഗള്‍ഫ് വാസത്തിനു ശേഷം പത്രോസ്സ് എന്ന മണ്ടനായ മൊട്ടുണ്ണി നാട്ടില്‍ തിരിച്ചെത്തി.കഴിഞ്ഞ ഫെബ്രുവരി നാലാം തീയതി, കല്യാണം കഴിക്കാന്‍ നിര്‍ബന്ധിച്ച വീട്ടുകാരോട് തനിക്ക് അതില്‍ താല്‍പര്യം ഇല്ല എന്ന് പ്രഖ്യാപിച്ചിട്ട് മൊട്ടുണ്ണി ഇറങ്ങി പോകുന്നു.മൊട്ടുണ്ണിയുടെ ഈ തീരുമാനത്തിനുള്ള കാരണം അന്വേഷിച്ച് നാട്ടുകാരും വീട്ടുകാരും മൊട്ടുണ്ണി തിരിച്ച് വരുന്നതും കാത്ത് ഇരിക്കുന്നു.

കഥ തുടരുന്നു...

ഏപ്രില്‍ മൂന്ന്
സ്ഥലം: വെള്ളിയാഴ്ചക്കാവ് ഷാപ്പ്
മൊട്ടുണ്ണി ഇറങ്ങിപോയിട്ട് രണ്ട് മാസം തികയുന്നു.ഷാപ്പിലെ വലിയ കുടിയന്‍മാര്‍ക്കും കൊച്ചു കുടിയന്‍മാര്‍ക്കും ഇത് തന്നെ സംസാരവിഷയം.എല്ലാവരും ആകാംക്ഷയോടെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നപ്പോഴാണ്‌ കീലേരി അച്ചു ആ സംശയം ഉന്നയിച്ചത്:
'ഇനി അവന്‍ ആത്മഹത്യ ചെയ്തു കാണുമോ?'
എല്ലാരെയും നടുക്കിയ ആ ചോദ്യത്തിനു കുളത്തിലാന്‍ മറുപടി കൊടുത്തു:
'ഹേയ്, അവന്‌ അതിനുള്ള പ്രായമായില്ല'
ആത്മഹത്യ ചെയ്യാനുള്ള പ്രായം മൊട്ടുണ്ണിയ്ക്കായില്ല എന്ന് സമാധാനിച്ച് അവര്‍ കള്ള്‌ കുടിച്ചെങ്കിലും എല്ലാരുടെയും മുമ്പില്‍്‌ ഒരു ചോദ്യം മാത്രം അവശേഷിച്ചു,
മൊട്ടുണ്ണി എവിടെ?
ഫെബ്രുവരി നാലാം തീയതി കാണാതായതാ..
തൃശൂര്‍ക്കുള്ള ടിക്കറ്റുമെടുത്ത് റെയില്‍വേ സ്റ്റേഷനില്‍ അന്നേ ദിവസം നില്‍ക്കുന്നത് കണ്ടു എന്നതാണ്‌ മൊട്ടുണ്ണിയെ കുറിച്ച് അവസാനം ലഭിച്ച ന്യൂസ്സ്.
അവന്‍ തിരിച്ച് വരുമോ?
വന്നാല്‍ തന്നെ ഇത്രയും നാള്‍ അവന്‍ എവിടെയായിരുന്നു?

ഏപ്രില്‍ പതിനൊന്ന്
അന്ന് മൊട്ടുണ്ണിയുടെ നാട് ഉണര്‍ന്നത് ആ ഞെട്ടിക്കുന്ന വാര്‍ത്തയുമായായിരുന്നു,
മൊട്ടുണ്ണി തിരിച്ച് വന്നു!!
അന്നേ ദിവസം നാട് മൊത്തം സന്തോഷിച്ചെങ്കിലും ഒരു ചോദ്യം ബാക്കിയായി,
കഴിഞ്ഞ രണ്ട് മാസം മൊട്ടുണ്ണി എവിടെയായിരുന്നു?
അവസാനം ആ നാട്ടിലെ പാപ്പരാസികള്‍ അത് കണ്ട് പിടിച്ചു,
മൊട്ടുണ്ണിയുടെ തിരോധാനത്തിന്‍റെ കഥ..
ഫെബ്രുവരി നാലാം തീയതി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിനില്‍ കയറിയ മൊട്ടുണ്ണി നേരിട്ട ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ കഥ..
ആരെയും അരമണിക്കൂര്‍ കരയിപ്പിക്കുന്ന ഒരു കദന കഥ..
ആ കഥ കേള്‍ക്കാന്‍ നിങ്ങളെയെല്ലാം ക്ഷണിക്കുകയാണ്,
മൊട്ടുണ്ണിയെ കാണാതായ ഫെബ്രുവരിയിലെ ആ നാലാം തീയതിയിലേക്ക്,
എന്താ വരികയല്ലേ?

ഫെബ്രുവരി നാല്‌
തെക്കന്‍ കേരളത്തിലെ ഒരു റെയില്‍വേ സ്റ്റേഷന്‍
'തൃശൂരില്‍ പോകണം, പഴയ നീലിമയെ കാണണം.എന്നിട്ട് വേണം കല്യാണത്തെ കുറിച്ച് ഒരു തീരുമാനം എടുക്കാന്‍.'
മൊട്ടുണ്ണിയുടെ മനസ്സില്‍ ഈ ഒരു ചിന്ത മാത്രം.അത് കൊണ്ട് തന്നെയാണ്‌ തൃശൂര്‍ക്ക് പോകാന്‍ ഒരു ജനറല്‍ കമ്പാര്‍ട്ട്‌മെന്‍റ്‌ ടിക്കറ്റുമെടുത്ത് മൊട്ടുണ്ണി ആ സ്റ്റേഷനില്‍ ചെന്നൈ എക്സ്പ്രസ്സ് കാത്ത് നിന്നത്.
ട്രെയിന്‍ വന്നു..
മുമ്പില്‍ കണ്ട എ.സി കമ്പാര്‍ട്ട്‌മെന്‍റില്‍ ലോക്കല്‍ ടിക്കറ്റുമായി മൊട്ടുണ്ണി കയറി.
സ്റ്റേഷനില്‍ നിന്നും വണ്ടി സ്റ്റാര്‍ട്ട് ചെയ്തു..
ആ എ.സി യുടെ തണുപ്പില്‍ ചെറിയൊരു മയക്കത്തിലേക്ക് വഴുതി വീണ നേരമാണ്‌ മൊട്ടുണ്ണിയെ അയാള്‍ വിളിച്ച് ഉണര്‍ത്തിയത്...
ഒരു കറുത്ത കോട്ടുമിട്ട് ആറടി നീളമുള്ള ഒരു അജാനബാഹു,
അത് റ്റി.റ്റി.ആര്‍ ആയിരുന്നു.

മൊട്ടുണ്ണിയുടെ മുമ്പിലെത്തിയ അയാള്‍ ടിക്കറ്റിനായി കൈ നീട്ടി.
ഒരു ഒത്ത പുരുഷന്‍ മുമ്പില്‍ വന്ന് കൈനീട്ടിയപ്പോല്‍ മൊട്ടുണ്ണി ഒന്നും ആലോചിച്ചില്ല, നേരെ ആ നീട്ടിയ കൈയ്യില്‍ പിടിച്ച് ഒരു ഷേക്ക് ഹാന്‍ഡ് കൊടുത്തു.എന്നിട്ട് അയാളെ അഭിസംബോധന ചെയ്തു:
'ഹായ്'
ടിക്കറ്റ് ചോദിച്ചപ്പോള്‍ ഷേക്ക് ഹാന്‍ഡ് തന്നത് കണ്ടാവണം റ്റി.റ്റി.ആര്‍ ഒന്ന് അമ്പരന്നു.അയാള്‍ തന്‍റെ കൈ ഒന്ന് കുടഞ്ഞിട്ട് പറഞ്ഞു:
'ടിക്കറ്റ്'
ട്രെയിനിലും കണ്ടക്ടറോ എന്ന് കരുതിയാകണം മൊട്ടുണ്ണി പറഞ്ഞു:
'വേണ്ടാ, ഞാന്‍ സ്റ്റേഷനില്‍ നിന്ന് എടുത്തായിരുന്നു'
റ്റീ.റ്റി.ആറിന്‍റെ കണ്ണ്‌ തള്ളി!!
അയാള്‍ ബലമായി മൊട്ടുണ്ണിയുടെ ടിക്കറ്റെടുത്ത് നോക്കി.എന്നിട്ട് പറഞ്ഞു:
'ലോക്കലാ'
കുറേ വര്‍ഷം ഗള്‍ഫില്‍ നിന്നിട്ട് വന്ന താന്‍ വെറും ലോക്കലാണെന്ന് പറഞ്ഞത് മൊട്ടുണ്ണിക്ക് ഇഷ്ടപ്പെട്ടില്ല.അവന്‍ തിരിച്ച് പറഞ്ഞു:
'അല്ല, ഗള്‍ഫാ'
ആ മറുപടി പാവം റ്റി.റ്റി.ആറിനു മനസ്സിലായില്ല.അതിനാല്‍ അയാള്‍ വിശദമായി പറഞ്ഞു:
'താങ്കള്‍ക്ക് ഇതില്‍ കയറാന്‍ പറ്റില്ല'
മൊട്ടുണ്ണിക്ക് ചിരി വന്നു, അവന്‍ ചോദിച്ചു:
'ആര്‌ പറഞ്ഞു? ഞാന്‍ കയറിയല്ലോ?'
റ്റി.റ്റി.ആറിനു ഭ്രാന്തായി.അയാള്‍ പറഞ്ഞു:
'അതേ, ഇതില്‍ കയറാന്‍ പാടില്ലാന്ന്'
അത് മൊട്ടുണ്ണിക്ക് സമ്മതിക്കാതെ തരമില്ലായിരുന്നു.അവന്‍ പറഞ്ഞു:
'ശരിയാ, ഒട്ടും പാടില്ലാരുന്നു.പെട്ടന്ന് കയറി'
അതൂടെ കേട്ടതോട് കൂടി റ്റി.റ്റി.ആറിനു തലകറങ്ങുന്ന പോലെ തോന്നി.

ലോക്കല്‍ കമ്പാര്‍ട്ട്‌മെന്‍റിലെ ടിക്കറ്റെടുത്തിട്ടുള്ള വാചകമടി കേട്ടിട്ടാകണം റ്റി.റ്റി.ആറിനു ചൊറിഞ്ഞു വന്നത്.ജനറല്‍ കമ്പാര്‍ട്ട്‌മെന്‍റില്‍ കയറണ്ടവന്‍ എ.സിയില്‍ ഇരുന്ന് ന്യായം പറയുന്നത് സഹിക്കാതെ അയാള്‍ ചൂടായി ചോദിച്ചു:
'ഇതില്‍ കയറാന്‍ തനിക്കെന്താ ഭ്രാന്തുണ്ടോ?'
അത് കേട്ടതും തനിക്കുണ്ടായ ന്യായമായ സംശയം മൊട്ടുണ്ണി തിരികെ ചോദിച്ചു:
'അതെന്താ, ഈ കംപാര്‍ട്ട്‌മെന്‍റ്‌ ഭ്രാന്തന്‍മാര്‍ക്ക് മാത്രം ഉള്ളതാണോ?'
പൂര്‍ത്തിയായി...
കഴുത്തിനു കുത്തിപ്പിടിച്ച് ട്രെയിനിനു വെളിയിലോട്ട് എറിഞ്ഞാലോന്ന് വരെ റ്റി.റ്റി.ആര്‍ ആലോചിച്ചു.എന്നിരുന്നിട്ടും ക്ഷമാശീലനായ അയാള്‍ മൊട്ടുണ്ണിയോട് പറഞ്ഞു:
'താങ്കള്‍ക്ക് തൃശൂര്‍ പോകണമെന്നുണ്ടങ്കില്‍ മുമ്പിലോ പുറകിലോ ഉള്ള ജനറല്‍ കമ്പാര്‍ട്ട് മെന്‍റില്‍ കയറണം'
അത് കേട്ട് മൊട്ടുണ്ണി അന്തംവിട്ട് പോയി, അവന്‍ അമ്പരന്ന് ചോദിച്ചു:
'അപ്പം ഈ നടുക്കുള്ള ബോഗിയൊക്കെ എങ്ങോട്ടാ പോകുന്നത്?'
റ്റി.റ്റി.ആര്‍ രണ്ട് കൈയ്യും തലയ്ക്ക് വച്ചു.
എന്ത് കുരിശോ എന്തോ?
അവസാനം അരമണിക്കൂര്‍ സ്റ്റഡിക്ലാസിലൂടെ ആ കറുത്ത കോട്ടിട്ട വലിയ മനുഷ്യന്‍ മൊട്ടുണ്ണിയെ പറഞ്ഞ് മനസ്സിലാക്കി, ലോക്കല്‍ ടിക്കറ്റിന്‍റെയും എ.സി യാത്രയുടെയും വ്യത്യാസത്തെ കുറിച്ച്.
എല്ലാം വിശദമായി പറഞ്ഞ് കഴിഞ്ഞപ്പോള്‍, ഇനിയെങ്കിലും ഇറങ്ങി ജനറല്‍ കമ്പാര്‍ട്ട്‌മെന്‍റില്‍ കയറും എന്ന് കരുതി ആശ്വസിച്ചിരുന്ന റ്റി.റ്റി.ആറിനോട് മൊട്ടുണ്ണി ചോദിച്ചു:
'അല്ല, ഞാന്‍ ഇതില്‍ തന്നെ യാത്ര ചെയ്താല്‍ വക്കിലിന്‌ എന്താ കുഴപ്പം?'
കറുത്ത കോട്ടിടുന്നവരെല്ലാം വക്കിലാണെന്ന് കരുതുന്ന മൊട്ടുണ്ണിയെ റെയില്‍വേ പോലീസിന്‍റെ സഹായത്തോടെയാണത്രേ അയാള്‍ ജയിലിലാക്കിയത്.
രണ്ട് മാസത്തെ നീണ്ട ജയില്‍ വാസവും പിഴയും.
സത്യസന്ധമായ കുറെ ചോദ്യങ്ങള്‍ക്ക് റെയില്‍വേയുടെ മറുപടി!!!
ആ കദനകഥ ഇവിടെ തീരുന്നു.

ഇന്നലെ
സ്ഥലം: വെള്ളിയാഴ്ചക്കാവ് ഷാപ്പ്
ഷാപ്പിലോട്ട് കയറി വന്ന മൊട്ടുണ്ണിയുടെ നേരെ പരിഹാസത്തോടെ ആദ്യ ചോദ്യം തൊടുത്തത് കീലേരി അച്ചു ആയിരുന്നു:
'എവിടെയായിരുന്നു രണ്ട് മാസം?'
'ബിസനസ്സ് ടൂറിലായീരുന്നു' മൊട്ടുണ്ണിയുടെ മറുപടി.
'റെയില്‍വേ പോലീസിനൊപ്പമാണോ?' കീലേരി അച്ചുവിന്‍റെ അടുത്ത ചോദ്യം
മൊട്ടുണ്ണി മറുപടി പറയാതെ തിരിച്ച് നടന്നു.
അപ്പോള്‍ ഷാപ്പിലിരുന്ന് ആരൊക്കെയോ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.

രണ്ട് മാസം മാറി നിന്നപ്പോള്‍ എല്ലാരും തലയില്‍ കയറുന്നു എന്ന് മനസ്സിലായ മൊട്ടുണ്ണി തീരുമാനിച്ചു, ഇനി താനിവിടൊക്കെ തന്നെ കാണും.
ഈ ബൂലോകത്തും, തന്‍റെ നാട്ടിലും എപ്പോഴും കാണേണ്ടത് ഒരു അത്യാവശ്യമാണ്.
ഇനി വേണം എല്ലാവരോടും പഴയ ചില കണക്കുകള്‍ തീര്‍ക്കാന്‍..
തനിക്ക് കണക്ക് തീര്‍ക്കാനുള്ളവരുടെ പേരും വിവരവും മൊട്ടുണ്ണി മനസ്സില്‍ കുറിച്ച് തുടങ്ങി..
കീലേരി അച്ചു: കള്ള്‌ വാങ്ങി തന്ന വകയില്‍ 25 രൂപ..
കുളത്തിലാന്‍: കപ്പലണ്ടി മുഠായി വാങ്ങി തന്ന വകയില്‍ 2 രൂപ..
ദീപാംഗുരന്‍: കോണകം വാടകയ്ക്ക് തന്ന വകയില്‍ 6 രൂപ..
അതേ മൊട്ടുണ്ണി കണക്കെടുത്ത് തുടങ്ങി,
ഇനി മൊട്ടുണ്ണി കണക്ക് തീര്‍ക്കുന്ന ദിവസങ്ങള്‍.
കാത്തിരിക്കുക..

Wednesday, February 4, 2009

അഞ്ചടി ചുരികയുമായി ഇനി അങ്കത്തട്ടിലേക്ക്


മൊട്ടുണ്ണി നാട്ടിലെത്തിയതിന്‍റെ അടുത്ത പ്രഭാതം..
അന്നേ ദിവസം കിഴക്ക് വെള്ളകീറി മുകളിലേക്ക് ഉയര്‍ന്ന സൂര്യന്‍ കണി കണ്ടത് പടിപ്പുര കടന്ന് വീട്ടിലേക്ക് കയറുന്ന മൊട്ടുണ്ണിയുടെ അമ്മാവനെയാണ്.ഗള്‍ഫ് മലയാളി നാട്ടിലെത്തിയാല്‍ ചക്കരകുടത്തില്‍ ഈച്ച പൊതിയുന്ന പോലെ ബന്ധുക്കള്‍ വരും എന്നറിയാവതിനാലാവും അമ്മാവന്‍ ആഗതനായത് കണ്ട് സൂര്യന്‍ ഞെട്ടിയില്ല.

ഗള്‍ഫില്‍ നിന്നും നാലു മണിക്കൂര്‍യാത്ര ചെയ്ത് കോഴിക്കോട്ടെത്തിയ മൊട്ടുണ്ണി അവിടെ നിന്നും വീട്ടിലെത്താന്‍ വെറും പന്ത്രണ്ട് മണിക്കൂറെ എടുത്തുള്ളു.ആ സുഖകരമായ യാത്രയുടെ ആലസ്യത്തിലായതിനാലാവാം മൊട്ടുണ്ണി അപ്പോഴും ഉറക്കമായിരുന്നു. ചുരുണ്ട് കൂടിയുള മൊട്ടുണ്ണിയുടെ ഉറക്കം കണ്ട സൂര്യന്‍ അറിയാതെ ആലോചിച്ചു പോയി,തിരിച്ച് കടലിലേക്ക് പോയി ഒരു അര മണിക്കൂര്‍ കഴിഞ്ഞ് വന്നാലോ?
ആഗോളസാമ്പത്തികമാന്ദ്യം ഉള്ള സമയമല്ലേ മുങ്ങി തിരിച്ചു വരുമ്പോള്‍ പണി പോയാലോ എന്ന് ആലോചിച്ചതിനാലാവാം സൂര്യന്‍ മുങ്ങിയില്ല.

'ഇല്ല ,അത് നടക്കില്ല' മൊട്ടുണ്ണി പൊട്ടിത്തെറിച്ചു.
എന്തേ അവന്‍ അങ്ങനെ പറഞ്ഞത്?
ആദ്യം മൊട്ടുണ്ണിയുടെ അമ്മ ആലോചിച്ചു,അരമണിക്കൂര്‍ കഴിഞ്ഞ് മൊട്ടുണ്ണിയുടെ അച്ഛന്‍ ആലോചിച്ചു,അവസാനം അമ്മാവനും ആലോചിച്ചു.
ഒന്നുമല്ലങ്കിലും അമ്മാവന്‍ കൊണ്ട് വന്ന ആലോചനയല്ലേ?
അവസാനം അച്ഛന്‍ തന്‍റെ സംശയം ചോദിച്ചു:
'മോനേ നിനക്ക് പുറത്ത് പറയാന്‍ കൊള്ളാത്ത എന്തെങ്കിലും അസുഖമുണ്ടോ?'
'ഉണ്ട് അച്ഛാ ഉണ്ട്,കുബൂസ്സ്' ഇത്രയും പറഞ്ഞിട്ട് മൊട്ടുണ്ണി പെട്ടന്ന് ഇറങ്ങി പോയി.
കുബൂസ്സ് അറബി നാട്ടിലെ ഒരു പലഹാരമാണന്ന് അറിയാത്ത ആ പാവം പിതാവ് തലയ്ക്ക് കൈ വച്ച് ഒരു അര മണിക്കൂര്‍ കൂടി ആലോചിച്ചു,
എന്‍റെ മകനു എങ്ങനെ പിടിപെട്ടു ഈ മാരക രോഗം?

'കുബൂസ്സ് എന്ന് പറയുന്നത് ഒരു പലഹാരമാ' കീലേരി ആച്ചു തന്‍റെ അറിവ് വിളമ്പി.
'അതെന്തുമായി കൊള്ളട്ടെ,മൊട്ടുണ്ണി എവിടെ?' അതാരുന്നു ദിപാംഗുരന്‍റെ സംശയം.ന്യായമായ സംശയം രാവിലെ ഇറങ്ങി പോയ മൊട്ടുണ്ണിയാ,സമയം രാത്രിയായി ആളെ കാണാനില്ല.
എവിടെ പോയി?എന്തേ അവന്‍ കല്യാണത്തിനു സമ്മതിക്കാത്തത്?
ഇതായിരുന്നു എല്ലാരുടെയും ആലോചന.

'ഇനി അവനു വേറെ പ്രേമം വല്ലതുമുണ്ടോ?' പടക്ക് ഷൈന്‍ തന്‍റെ സംശയം ഉന്നയിച്ചു.
കുബൂസ്സ് ബാധിച്ചവനു പ്രേമമോ?
ഇതായിരുന്നു എല്ലാരുടെയും സംശയം.പക്ഷേ ആ ചോദ്യം കേട്ട് കീലേരി അച്ചു ഒന്ന് ഞെട്ടി.അവന്‍ എല്ലാവരോടും ചോദിച്ചു:
'ഇനി നീലിമ ആയിരിക്കുമോ?'
ആ ചോദ്യം കേട്ടവരെല്ലാം ഞെട്ടി.ഒരു നിമിഷം അവര്‍ അറിയാതെ പ്രാര്‍ത്ഥിച്ചു,
ദൈവമേ അത് നീലിമ ആകല്ലേ!!!

ആരാണ്‌ നീലിമ എന്നറിയണമെങ്കില്‍ നമ്മള്‍ കുളത്തിലാന്‍ ആരെന്നറിയണം കുഞ്ചാളി ആരെന്നറിയണം കുട്ടന്‍ ആരെന്നറിയണം.ഇനി ഇവരെ ഒന്നും അറിഞ്ഞില്ലെങ്കിലും വെള്ളിയാഴ്ച കാവ് ഷാപ്പിനെ കുറിച്ചറിയണം.
നമുക്ക് ഇനി അങ്ങോട്ട് പോകാം,
മൊട്ടുണ്ണിയുടെ നാട്ടിലേക്ക്....
മൊട്ടുണ്ണിയെ തേടി...നീലിമയെ കുറിച്ച് അറിയാന്‍...പുതിയ സംഭവ വികാസങ്ങള്‍ക്കായി...
എന്താ വരികയല്ലേ?
ഇനി മൊട്ടുണ്ണിയുടെ നാട്ടില്‍.

Wednesday, January 28, 2009

കടലിനക്കരെ നിന്നും കലിയുഗ ഒതേനന്‍

പതിവു പോലെ ഒരു സായാഹ്നം. ഇന്ന് അവന്‍ വരികയാണ്,ഒരുപാട് നമ്പരുകളും,സ്വല്പം കുസൃതികളുമായി നിങ്ങളുടെ ഒതേനന്‍,ഈ കലിയുഗ ഒതേനന്‍,പത്രോസ്സ്.അതേ,നീണ്ട ഗള്‍ഫ് ജീവിതത്തിനു ശേഷം അവന്‍ തിരിച്ച് വരുന്നു.

അപ്പോള്‍ നിങ്ങള്‍ ചോദിക്കാം,തിരുവനന്തപുരംകാരനായ ഇവന്‍ എന്തിനു തന്‍റെ തിരിച്ച് വരവിനു ഈ കോഴിക്കോട് വിമാനത്താവളം തിരഞ്ഞെടുത്തെന്ന്?
അതാണു പത്രോസ്സ്,അതാകണമെടാ പത്രോസ്സ്.


വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങിയ പത്രോസ്സ് തോട്ടടുത്തബുത്തില്‍ കയറി വീട്ടിലേക്ക് വിളിച്ചു:
'ഹലോ പത്രോസ്സ് സ്പീക്കിംഗ്'
മറുവശത്ത് ന്ന്നും ,
'മനസ്സിലായില്ല'
'അമ്മേ,ഞാനാ മൊട്ടുണ്ണി'
'നീ എവിടുന്നാ വിളിക്കുന്നത്?'
'ഞാന്‍ തിരിച്ച് വന്നമ്മേ,കോഴിക്കോട്ട് നിന്നാ വിളിക്കുന്നത്'

ആ അമ്മ ഞെട്ടി.
അമ്മ മാത്രമല്ല,പത്രോസ്സിനെ അറിയാവുന്ന ആരും ഒനു ഞെട്ടും.അതാണു പത്രോസ്സ്,അല്ല മൊട്ടുണ്ണി.


മൊട്ടുണ്ണിയെ പറ്റി ഒന്നൂടെ പറയാനുള്ളത് മൊട്ടുണ്ണിയെ അറിയാത്തവനും ഒന്നു ഞെട്ടും.അല്ലെങ്കില്‍ പിന്നെന്തിനാ ഒന്നര രൂപയുടെ ഫോണ്‍ വിളിച്ചിട്ട് ക്രെഡിറ്റ് കാര്‍ഡ് കാണിച്ചത് കണ്ട് ആ ബൂത്തുടമ ഞെട്ടിയത്?

ടപ്പോ!!!
കോഴിക്കോട്ട് നിനും ഒരു കാള്‍ടാക്സിയും അതിന്‍റെ ഡ്രൈവറെയും വാടകയ്ക്ക് എടുത്ത് യാത്രതിരിച്ച മൊട്ടുണ്ണി ഈ ശബ്ദം കേട്ടാണു ഉറക്കത്തില്‍ നിന്നും ചാടി എണിറ്റത്.എന്ത് പറ്റിയതാണു എന്നു മൊട്ടുണ്ണിക്ക് മനസ്സിലാകും മുമ്പേ ആ കാറിടിച്ച് വീണ ഏതോ വഴിപോക്കനെയും എടുത്ത് ആ വഴി വന്ന ഒരു ഓട്ടോയില്‍ കയറി ഡ്രൈവര്‍ ഒറ്റ പോക്ക്.


അര്‍ദ്ധരാത്രി,വെള്ളിയാഴ്ച,ഗള്‍ഫില്‍ നിന്നും വരുന്ന വഴി, കള്ളന്‍മാരുടെയോ പ്രേതങ്ങളുടെയോ അക്രമം ഉണ്ടാവാന്‍ പറ്റിയ സാഹചര്യം.മൊട്ടുണ്ണിയുടെ കയ്യിലിരുന്ന മൊബൈലില്‍ കൂട്ടുകാരുടെ ആരുടെയും നമ്പര്‍ ഇല്ല,വീട്ടില്‍ വിളിച്ചാല്‍ അമ്മ മാത്രമേ ഉള്ളു.പിന്നെ ആകെ അറിയാവുന്നത് നൂറ്‌ വിളിച്ചാല്‍ പോലിസിനെ കിട്ടുമെന്നതാണ്.അങ്ങനെയാണ്` മൊട്ടുണ്ണി 100 ഡയല്‍ ചെയ്തത്.

'ഹലോ,ആരാ?' മറുപുറത്ത് നിന്നും ഒരു ഘനമുള്ള ശബ്ദം
'പത്രോസ്സാ'
മൊട്ടുണ്ണി പറഞ്ഞു

'ആര്‍ക്ക് പത്രോസ്സാണന്ന്?' വീണ്ടും ചോദ്യം
'പേരാ സാര്‍,മൊട്ടുണ്ണി എന്ന് വിളിക്കും' മൊട്ടുണ്ണി അറിയിച്ചു
'സാര്‍ ഞാന്‍ വന്ന വണ്ടി ആക്സിഡന്‍റായി'
'താന്‍ എവിടെ നിന്നാ വിളിക്കുന്നത്' പോലിസ്സ് ചോദിച്ചു
'ഞാന്‍ നാട്ടിലുണ്ട് സാര്‍'
'പിന്നെ ഞങ്ങളൊക്കെ കാട്ടിലാണോടാ?'
ശരിക്കും കേരളാ പോലീസ്സ് സ്റ്റൈലില്‍ ഒരു ചോദ്യം
ഈ പ്രാവശ്യം മൊട്ടുണ്ണി ഞെട്ടി.

'സാര്‍ ഞാന്‍ ഗള്‍ഫില്‍ നിന്ന് വരുന്ന വഴിയാണ്.ഒരു അപകടത്തില്‍ പെട്ടു,സ്ഥലം അറിയില്ല സാര്‍' അവന്‍ തന്‍റെ നിസ്സഹയാവസ്ഥ പറഞ്ഞു.
'താന്‍ ഒരു ലാന്‍ഡ് മാര്‍ക്ക് പറയടൊ' പോലീസ്സിനു അതെങ്കിലും അറിയണം.
'ഞാന്‍ നില്‍ക്കുന്നതിനു പത്തടി ഇടത്ത് മാറി മുകളില്‍ ചന്ദ്രന്‍ നില്‍പുണ്ട് സാര്‍'
ഈ പ്രാവശ്യം സാക്ഷാല്‍ ചന്ദ്രന്‍ ഞെട്ടി.അതിനാലാവും പുള്ളിക്കാരന്‍ മേഘത്തിനു പുറകിലേക്ക് ഒളിച്ചത്.


എന്തായാലും തുടര്‍ന്നുള്ള ചോദ്യങ്ങളില്‍ നിന്നും മൊട്ടുണ്ണി നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കിയ പോലീസ്സ് അവിടെത്തി.മൊട്ടുണ്ണിയുടെ അവസ്ഥ മനസ്സിലാക്കിയ അവര്‍ പോലീസ്സ് ജീപ്പിലാണ്` മൊട്ടുണ്ണിയെ നാട്ടില്‍ എത്തിച്ചത്.ബെന്‍സ്സ് കാറില്‍ മകന്‍ വന്നെറങ്ങുമെന്ന് പ്രതീക്ഷിച്ച് നിന്ന അമ്മയും ബന്ധുമിത്രാദികളും ആ വരവ് കണ്ട്.ഞെട്ടി.
അല്ല,ഞെട്ടണമെല്ലോ?
അതിനാണല്ലോ മൊട്ടുണ്ണി തിരിച്ച് വന്നത്.

ഇത് ഒരു തുടക്കം മാത്രം.

ഇനി...?

കാത്തിരുന്നു കാണുക!!!
Powered By Blogger