Saturday, June 6, 2009

സുറുമിയിട്ട കണ്ണുകളും ഉറുമിയേന്തിയ കൈകളും


ചക്കര, പേരു കേട്ടാല്‍ പെണ്ണാണെന്ന് തോന്നുമെങ്കിലും ഒത്ത ഒരു ആണ്‍കുട്ടി.ഷംസുദീന്‍റെ പ്രിയ സുഹൃത്ത്.അത് കൊണ്ടാണല്ലോ ഒരു ഹിന്ദു പെണ്ണിനെ കെട്ടാനുള്ള ഷംസുദീന്‍റെ ആഗ്രഹത്തിനു അവന്‍ കൂട്ട് നിന്നത്.കെട്ട് കഴിഞ്ഞ് ഷംസുദീന്‍ പെണ്ണിനെ വീട്ടില്‍ നിര്‍ത്തിയട്ട് ഗള്‍ഫിനു പോയി.ഇതു വരെ ചക്കര പിന്നെ അങ്ങോട്ട് തിരിഞ്ഞ് നോക്കിയട്ടില്ല.എല്ലാരും പറയും ഭയന്നിട്ടാണെന്ന്, അതല്ല കാരണം പേടിയാ!
പക്ഷേ ഇന്ന് ചക്കര അങ്ങോട്ട് പോകുകയാണ്, എന്ത് പ്രശ്നമുണ്ടായാലും സഹിക്കാന്‍ തയ്യാറായി തന്നെ.പെണ്ണിനു എങ്ങനെ ഉണ്ട് എന്നറിയണമല്ലോ?
പക്ഷേ കാറെടുക്കാന്‍ തുടങ്ങിയപ്പോള്‍ എതിരെ വന്ന ആളിനെ കണ്ട് ചക്കര ഞെട്ടി, മൊട്ടുണ്ണീ.
നല്ല ശകുനം!

'അളിയാ നീ എന്നെ സഹായിക്കണം' മൊട്ടുണ്ണി ആമുഖമിട്ടു.
ഒരു സഹായം ചെയ്തതിന്‍റെ കുരിശുമേറി കാറിലിരുന്ന ചക്കര പിന്നെയും ഞെട്ടി.പക്ഷേ മൊട്ടുണ്ണിയെ അങ്ങനെ ഒഴിവാക്കാനാവില്ല, പ്രിയ സുഹൃത്തല്ലേ.അത് കൊണ്ട് അവന്‍ ചോദിച്ചു:
'എന്താണാവോ?'
'എനിക്ക് കല്യാണം കഴിക്കണം' മൊട്ടുണ്ണിയുടെ മറുപടി.
'അത്രേ ഉള്ളോ, നീ കാറിലോട്ട് കേറ്'
ഒറ്റക്ക് എങ്ങനെ പോകും എന്ന് ആലോചിച്ചിരുന്ന ചക്കരക്ക് മൊട്ടുണ്ണി ഒരു കച്ചിതുരുമ്പായിരുന്നു.കല്യാണത്തിനു താന്‍ സഹായിക്കാം എന്ന് വാക്കു കൊടുത്താണ്‌ മൊട്ടുണ്ണിയേയും ചക്കര ആ യാത്രക്ക് കൂടെ കൂട്ടിയത്.പോകുന്ന വഴിയില്‍ ഷംസുദീന്‍റെ വിട്ടിലേക്കാണെന്നും, കല്യാണം താനും കൂടി ചേര്‍ന്നാ നടത്തിയതെന്നും പറഞ്ഞു.വരാന്‍ ചാന്‍സുള്ള ഭവിഷത്തിനെ കുറിച്ച് മാത്രം ഒന്നും പറഞ്ഞില്ല.
ഓസിനു ഒരു ബിരിയാണി കിട്ടുന്നെങ്കില്‍ ആകട്ടെ എന്ന് കരുതി മൊട്ടുണ്ണിയും കൂടെ കൂടി.അങ്ങനെ അവര്‍ യാതയായി.

വലിയ ഒരു മുസ്ലിം വീട്.സിറ്റൌട്ടില്‍ ഷംസുദീന്‍റെ ഉമ്മ കറിക്ക് അരിഞ്ഞു കൊണ്ട് ഇരിക്കുന്നു.ചക്കരയെ കണ്ട ഉടനെ ഉമ്മ സന്തോഷത്തില്‍ പറഞ്ഞു:
'ആരാ ഇത്, കേറി ഇരിക്കിന്‍'
ഉമ്മയുടെ മുമ്പില്‍ ചക്കരയും മൊട്ടുണ്ണിയും ഇരുന്നു.പെട്ടന്നാണ്‌ ചക്കരക്ക് ഒരു ഫോണ്‍ വന്നത്, ഷംസുദീന്‍റെ ഫോണ്‍.ഉമ്മയുടെ മുമ്പില്‍ നിന്ന സംസാരിക്കേണ്ടാ എന്ന് കരുതിയാകണം ചക്കര ആ ഫോണുമായി വെളിയിലേക്ക് ഇറങ്ങി.സിറ്റൌട്ടില്‍ ഉമ്മയും മൊട്ടുണ്ണിയും മാത്രം.
ഉമ്മ മൊട്ടുണ്ണിയെ നോക്കി ഒന്നു വെളുക്കെ ചിരിച്ചു.മൊട്ടുണ്ണി മനസിലോര്‍ത്തു,
എത്ര നല്ല ഉമ്മ!

ഷംസുദീന്‍റെ പെണ്ണിനെ കാണാന്‍ ആകാംക്ഷയോടിരുന്ന മൊട്ടുണ്ണിയുടെ മനസ്സ് മനസിലായതിനാലാവാം ഉമ്മ അകത്തേക്ക് നോക്കി പറഞ്ഞു:
'മോളേ, ഇതാരാ വന്നിരിക്കുന്നതെന്ന് നോക്ക്....നിന്‍റെ സംബധക്കാര്'
അയ്യോ, ഉമ്മയെന്താ ഇങ്ങനെ പറയുന്നത്.മൊട്ടുണ്ണി അറിയാതെ എഴുന്നേറ്റു.
'മോനിരിക്ക് , അവള്‍ ഇപ്പം വരും' ഉമ്മ.
മൊട്ടുണ്ണി പിന്നെയും ഇരുന്നു.

ആ പെണ്‍കുട്ടി ഒരു ട്രേയില്‍ മാങ്ങാ ജ്യൂസുമായി ആണ്‌ വന്നത്.അത് കണ്ട്(മാങ്ങാ ജ്യൂസ്സ് കണ്ട്) മൊട്ടുണ്ണിയുടെ വായില്‍ വെള്ളമൂറി.അവളെ ഒന്ന് നോക്കി ചിരിച്ചിട്ട്, മൊട്ടുണ്ണി ഒരു ഗ്ലാസെടുത്ത് ചുണ്ടിനോട് ചേര്‍ത്തു.
'എന്‍റെ റബ്ബേ, എല്ലാരും കൂടി എന്‍റെ മോനെ ചതിച്ചല്ലോ?' ഉമ്മയുടെ ആത്മഗതം.
തന്നെയാണോ ഉദ്ദേശിച്ചത്?
മൊട്ടുണ്ണി ഗ്ലാസ്സ് തിരിച്ച് വച്ചു.
'മോനെന്താ നോക്കുന്നെ, മോന്‍ കുടി' ഉമ്മയുടെ പ്രോത്സാഹനം.
ഉം.തന്നെയല്ല.
മൊട്ടുണ്ണി ഗ്ലാസ്സെടുത്ത് വീണ്ടും ചുണ്ടോടടുപ്പിച്ചു.
'കുറച്ച് വിഷം തന്ന് എന്ന് അങ്ങ് കൊല്ലുന്നതായിരുന്നു ഇതിലും നല്ലത്' വീണ്ടും ഉമ്മ.
കര്‍ത്താവേ, തള്ള കത്തിയുമായിരുന്ന് പറഞ്ഞ കേട്ടില്ലേ?
ഇനി ജ്യൂസ്സില്‍ വെഷമുണ്ടോ?
മൊട്ടുണ്ണി ഗ്ലാസ്സ് തിരിച്ച് വച്ചു.
'മോനെന്താ നോക്കുന്നെ, മോന്‍ കുടി' ഉമ്മ
വേറേ ആരെയോ ആണ്.
മൊട്ടുണ്ണി ഗ്ലാസ്സെടുത്ത് വീണ്ടും ചുണ്ടോടടുപ്പിച്ചു.
'ഇവന്‍റെയൊക്കെ തലയില്‍ ഇടിത്തീ വീഴും' ഉമ്മയുടെ പ്രാക്ക്.
ഇക്കുറി മൊട്ടുണ്ണി ഗ്ലാസ്സ് വെച്ചില്ല, പകരം ഉമ്മയെ ദയനീയമായി നോക്കി.

'മോന്‍റെ വീട്ടില്‍ ആരൊക്കെയുണ്ട്?'
ഉമ്മയുടെ ആ ചോദ്യത്തിനു മുട്ടുണ്ണി മറുപടി പറഞ്ഞു:
"അമ്മ, അച്ഛന്‍, അനിയത്തി'
ഇത്രയും പറഞ്ഞിട്ട് മൊട്ടുണ്ണി ഗ്ലാസ്സ് ചുണ്ടോടടുപ്പിച്ചു.
'അമ്മേമ്മ്‌ പെങ്ങളുമുള്ളവര്‍ ചെയ്യുന്ന കാര്യമാണോ ഇവനൊക്കെ കാണിച്ചത്?' ഉമ്മയുടെ ചോദ്യം
അയ്യോ!
മൊട്ടുണ്ണി ഗ്ലാസ്സ് തിരിച്ച് വച്ചു.
'മോനെന്താ നോക്കുന്നെ, മോന്‍ കുടി' ഉമ്മയുടെ സ്നേഹപൂര്‍വ്വമുള്ള നിര്‍ബധം.
ഇനി കുടിക്കണോ വേണ്ടയോ?
മൊട്ടുണ്ണിക്ക് ഭ്രാന്തെടുക്കുന്ന പോലെ തോന്നി.അപ്പോള്‍ മൊട്ടുണ്ണിയെ നോക്കി ഉമ്മ പറഞ്ഞു:
'ഇപ്പം ബാപ്പ, ഇവിടെ വേണമായിരുന്നു, എല്ലാത്തിനെയും വെട്ടി നുറുക്കിയേനെ'
ഇത് കേട്ടതും മൊട്ടുണ്ണി ഒന്നും ആലോചിച്ചില്ല, ഒറ്റ വലിക്ക് ആ ഗ്ലാസ്സ് കാലിയാക്കി.
ചാവുന്നതിനു മുമ്പ് ഒരിറ്റ് വെള്ളമെങ്കിലും ആകട്ടെ!
ഉമ്മയുടെ കൈയ്യിലെ കത്തിയാണോ, അതോ ബാപ്പയുടെ വരവാണോ, അതോ ശരിക്കും ഉഷ്ണമാണോ കാരണം എന്നറിയില്ല, മൊട്ടുണ്ണി വിയര്‍ക്കാന്‍ തുടങ്ങി.

അങ്ങനെ വിയര്‍ത്ത് ഒരു പരുവമായ മൊട്ടുണ്ണിയുടെ അടുത്ത്, ഫോണ്‍ വിളിച്ച് കഴിഞ്ഞ ചക്കര തിരിച്ചെത്തി.എന്നിട്ട് ഒരു ചോദ്യം:
'ആഹാ, നിങ്ങളെല്ലാം പരിചയക്കാരായോ?'
കാലമാടന്‍!
മൊട്ടുണ്ണീക്ക് ഒറ്റ ഇടി കൊടുക്കാനാ തോന്നിയത്.ചെയ്തില്ല പകരം തല ആട്ടി.
ഒരു വിധത്തില്‍ അവിടുന്ന് യാത്ര പറഞ്ഞ് ഇറങ്ങി തിരിച്ച് പോകുന്ന വഴിയില്‍ ചക്കര ചോദിച്ചു:
'നിനക്ക് ആരെ കല്യാണം കഴിക്കണമെന്നാ പറഞ്ഞത്?'
മൊട്ടുണ്ണിയില്‍ അത് വരെ തികട്ടി നിന്ന ദേഷ്യം അണപൊട്ടി.അവന്‍ അലറി പറഞ്ഞു:
'നിന്‍റെ അമ്മായിഅമ്മയെ'
പിന്നല്ല!