Friday, May 1, 2009

മൊട്ടുണ്ണിയുടെ തിരോധാനം-ഒരു ഫ്ലാഷ് ബാക്ക്

കഥ ഇത് വരെ...
നീണ്ട ഗള്‍ഫ് വാസത്തിനു ശേഷം പത്രോസ്സ് എന്ന മണ്ടനായ മൊട്ടുണ്ണി നാട്ടില്‍ തിരിച്ചെത്തി.കഴിഞ്ഞ ഫെബ്രുവരി നാലാം തീയതി, കല്യാണം കഴിക്കാന്‍ നിര്‍ബന്ധിച്ച വീട്ടുകാരോട് തനിക്ക് അതില്‍ താല്‍പര്യം ഇല്ല എന്ന് പ്രഖ്യാപിച്ചിട്ട് മൊട്ടുണ്ണി ഇറങ്ങി പോകുന്നു.മൊട്ടുണ്ണിയുടെ ഈ തീരുമാനത്തിനുള്ള കാരണം അന്വേഷിച്ച് നാട്ടുകാരും വീട്ടുകാരും മൊട്ടുണ്ണി തിരിച്ച് വരുന്നതും കാത്ത് ഇരിക്കുന്നു.

കഥ തുടരുന്നു...

ഏപ്രില്‍ മൂന്ന്
സ്ഥലം: വെള്ളിയാഴ്ചക്കാവ് ഷാപ്പ്
മൊട്ടുണ്ണി ഇറങ്ങിപോയിട്ട് രണ്ട് മാസം തികയുന്നു.ഷാപ്പിലെ വലിയ കുടിയന്‍മാര്‍ക്കും കൊച്ചു കുടിയന്‍മാര്‍ക്കും ഇത് തന്നെ സംസാരവിഷയം.എല്ലാവരും ആകാംക്ഷയോടെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നപ്പോഴാണ്‌ കീലേരി അച്ചു ആ സംശയം ഉന്നയിച്ചത്:
'ഇനി അവന്‍ ആത്മഹത്യ ചെയ്തു കാണുമോ?'
എല്ലാരെയും നടുക്കിയ ആ ചോദ്യത്തിനു കുളത്തിലാന്‍ മറുപടി കൊടുത്തു:
'ഹേയ്, അവന്‌ അതിനുള്ള പ്രായമായില്ല'
ആത്മഹത്യ ചെയ്യാനുള്ള പ്രായം മൊട്ടുണ്ണിയ്ക്കായില്ല എന്ന് സമാധാനിച്ച് അവര്‍ കള്ള്‌ കുടിച്ചെങ്കിലും എല്ലാരുടെയും മുമ്പില്‍്‌ ഒരു ചോദ്യം മാത്രം അവശേഷിച്ചു,
മൊട്ടുണ്ണി എവിടെ?
ഫെബ്രുവരി നാലാം തീയതി കാണാതായതാ..
തൃശൂര്‍ക്കുള്ള ടിക്കറ്റുമെടുത്ത് റെയില്‍വേ സ്റ്റേഷനില്‍ അന്നേ ദിവസം നില്‍ക്കുന്നത് കണ്ടു എന്നതാണ്‌ മൊട്ടുണ്ണിയെ കുറിച്ച് അവസാനം ലഭിച്ച ന്യൂസ്സ്.
അവന്‍ തിരിച്ച് വരുമോ?
വന്നാല്‍ തന്നെ ഇത്രയും നാള്‍ അവന്‍ എവിടെയായിരുന്നു?

ഏപ്രില്‍ പതിനൊന്ന്
അന്ന് മൊട്ടുണ്ണിയുടെ നാട് ഉണര്‍ന്നത് ആ ഞെട്ടിക്കുന്ന വാര്‍ത്തയുമായായിരുന്നു,
മൊട്ടുണ്ണി തിരിച്ച് വന്നു!!
അന്നേ ദിവസം നാട് മൊത്തം സന്തോഷിച്ചെങ്കിലും ഒരു ചോദ്യം ബാക്കിയായി,
കഴിഞ്ഞ രണ്ട് മാസം മൊട്ടുണ്ണി എവിടെയായിരുന്നു?
അവസാനം ആ നാട്ടിലെ പാപ്പരാസികള്‍ അത് കണ്ട് പിടിച്ചു,
മൊട്ടുണ്ണിയുടെ തിരോധാനത്തിന്‍റെ കഥ..
ഫെബ്രുവരി നാലാം തീയതി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിനില്‍ കയറിയ മൊട്ടുണ്ണി നേരിട്ട ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ കഥ..
ആരെയും അരമണിക്കൂര്‍ കരയിപ്പിക്കുന്ന ഒരു കദന കഥ..
ആ കഥ കേള്‍ക്കാന്‍ നിങ്ങളെയെല്ലാം ക്ഷണിക്കുകയാണ്,
മൊട്ടുണ്ണിയെ കാണാതായ ഫെബ്രുവരിയിലെ ആ നാലാം തീയതിയിലേക്ക്,
എന്താ വരികയല്ലേ?

ഫെബ്രുവരി നാല്‌
തെക്കന്‍ കേരളത്തിലെ ഒരു റെയില്‍വേ സ്റ്റേഷന്‍
'തൃശൂരില്‍ പോകണം, പഴയ നീലിമയെ കാണണം.എന്നിട്ട് വേണം കല്യാണത്തെ കുറിച്ച് ഒരു തീരുമാനം എടുക്കാന്‍.'
മൊട്ടുണ്ണിയുടെ മനസ്സില്‍ ഈ ഒരു ചിന്ത മാത്രം.അത് കൊണ്ട് തന്നെയാണ്‌ തൃശൂര്‍ക്ക് പോകാന്‍ ഒരു ജനറല്‍ കമ്പാര്‍ട്ട്‌മെന്‍റ്‌ ടിക്കറ്റുമെടുത്ത് മൊട്ടുണ്ണി ആ സ്റ്റേഷനില്‍ ചെന്നൈ എക്സ്പ്രസ്സ് കാത്ത് നിന്നത്.
ട്രെയിന്‍ വന്നു..
മുമ്പില്‍ കണ്ട എ.സി കമ്പാര്‍ട്ട്‌മെന്‍റില്‍ ലോക്കല്‍ ടിക്കറ്റുമായി മൊട്ടുണ്ണി കയറി.
സ്റ്റേഷനില്‍ നിന്നും വണ്ടി സ്റ്റാര്‍ട്ട് ചെയ്തു..
ആ എ.സി യുടെ തണുപ്പില്‍ ചെറിയൊരു മയക്കത്തിലേക്ക് വഴുതി വീണ നേരമാണ്‌ മൊട്ടുണ്ണിയെ അയാള്‍ വിളിച്ച് ഉണര്‍ത്തിയത്...
ഒരു കറുത്ത കോട്ടുമിട്ട് ആറടി നീളമുള്ള ഒരു അജാനബാഹു,
അത് റ്റി.റ്റി.ആര്‍ ആയിരുന്നു.

മൊട്ടുണ്ണിയുടെ മുമ്പിലെത്തിയ അയാള്‍ ടിക്കറ്റിനായി കൈ നീട്ടി.
ഒരു ഒത്ത പുരുഷന്‍ മുമ്പില്‍ വന്ന് കൈനീട്ടിയപ്പോല്‍ മൊട്ടുണ്ണി ഒന്നും ആലോചിച്ചില്ല, നേരെ ആ നീട്ടിയ കൈയ്യില്‍ പിടിച്ച് ഒരു ഷേക്ക് ഹാന്‍ഡ് കൊടുത്തു.എന്നിട്ട് അയാളെ അഭിസംബോധന ചെയ്തു:
'ഹായ്'
ടിക്കറ്റ് ചോദിച്ചപ്പോള്‍ ഷേക്ക് ഹാന്‍ഡ് തന്നത് കണ്ടാവണം റ്റി.റ്റി.ആര്‍ ഒന്ന് അമ്പരന്നു.അയാള്‍ തന്‍റെ കൈ ഒന്ന് കുടഞ്ഞിട്ട് പറഞ്ഞു:
'ടിക്കറ്റ്'
ട്രെയിനിലും കണ്ടക്ടറോ എന്ന് കരുതിയാകണം മൊട്ടുണ്ണി പറഞ്ഞു:
'വേണ്ടാ, ഞാന്‍ സ്റ്റേഷനില്‍ നിന്ന് എടുത്തായിരുന്നു'
റ്റീ.റ്റി.ആറിന്‍റെ കണ്ണ്‌ തള്ളി!!
അയാള്‍ ബലമായി മൊട്ടുണ്ണിയുടെ ടിക്കറ്റെടുത്ത് നോക്കി.എന്നിട്ട് പറഞ്ഞു:
'ലോക്കലാ'
കുറേ വര്‍ഷം ഗള്‍ഫില്‍ നിന്നിട്ട് വന്ന താന്‍ വെറും ലോക്കലാണെന്ന് പറഞ്ഞത് മൊട്ടുണ്ണിക്ക് ഇഷ്ടപ്പെട്ടില്ല.അവന്‍ തിരിച്ച് പറഞ്ഞു:
'അല്ല, ഗള്‍ഫാ'
ആ മറുപടി പാവം റ്റി.റ്റി.ആറിനു മനസ്സിലായില്ല.അതിനാല്‍ അയാള്‍ വിശദമായി പറഞ്ഞു:
'താങ്കള്‍ക്ക് ഇതില്‍ കയറാന്‍ പറ്റില്ല'
മൊട്ടുണ്ണിക്ക് ചിരി വന്നു, അവന്‍ ചോദിച്ചു:
'ആര്‌ പറഞ്ഞു? ഞാന്‍ കയറിയല്ലോ?'
റ്റി.റ്റി.ആറിനു ഭ്രാന്തായി.അയാള്‍ പറഞ്ഞു:
'അതേ, ഇതില്‍ കയറാന്‍ പാടില്ലാന്ന്'
അത് മൊട്ടുണ്ണിക്ക് സമ്മതിക്കാതെ തരമില്ലായിരുന്നു.അവന്‍ പറഞ്ഞു:
'ശരിയാ, ഒട്ടും പാടില്ലാരുന്നു.പെട്ടന്ന് കയറി'
അതൂടെ കേട്ടതോട് കൂടി റ്റി.റ്റി.ആറിനു തലകറങ്ങുന്ന പോലെ തോന്നി.

ലോക്കല്‍ കമ്പാര്‍ട്ട്‌മെന്‍റിലെ ടിക്കറ്റെടുത്തിട്ടുള്ള വാചകമടി കേട്ടിട്ടാകണം റ്റി.റ്റി.ആറിനു ചൊറിഞ്ഞു വന്നത്.ജനറല്‍ കമ്പാര്‍ട്ട്‌മെന്‍റില്‍ കയറണ്ടവന്‍ എ.സിയില്‍ ഇരുന്ന് ന്യായം പറയുന്നത് സഹിക്കാതെ അയാള്‍ ചൂടായി ചോദിച്ചു:
'ഇതില്‍ കയറാന്‍ തനിക്കെന്താ ഭ്രാന്തുണ്ടോ?'
അത് കേട്ടതും തനിക്കുണ്ടായ ന്യായമായ സംശയം മൊട്ടുണ്ണി തിരികെ ചോദിച്ചു:
'അതെന്താ, ഈ കംപാര്‍ട്ട്‌മെന്‍റ്‌ ഭ്രാന്തന്‍മാര്‍ക്ക് മാത്രം ഉള്ളതാണോ?'
പൂര്‍ത്തിയായി...
കഴുത്തിനു കുത്തിപ്പിടിച്ച് ട്രെയിനിനു വെളിയിലോട്ട് എറിഞ്ഞാലോന്ന് വരെ റ്റി.റ്റി.ആര്‍ ആലോചിച്ചു.എന്നിരുന്നിട്ടും ക്ഷമാശീലനായ അയാള്‍ മൊട്ടുണ്ണിയോട് പറഞ്ഞു:
'താങ്കള്‍ക്ക് തൃശൂര്‍ പോകണമെന്നുണ്ടങ്കില്‍ മുമ്പിലോ പുറകിലോ ഉള്ള ജനറല്‍ കമ്പാര്‍ട്ട് മെന്‍റില്‍ കയറണം'
അത് കേട്ട് മൊട്ടുണ്ണി അന്തംവിട്ട് പോയി, അവന്‍ അമ്പരന്ന് ചോദിച്ചു:
'അപ്പം ഈ നടുക്കുള്ള ബോഗിയൊക്കെ എങ്ങോട്ടാ പോകുന്നത്?'
റ്റി.റ്റി.ആര്‍ രണ്ട് കൈയ്യും തലയ്ക്ക് വച്ചു.
എന്ത് കുരിശോ എന്തോ?
അവസാനം അരമണിക്കൂര്‍ സ്റ്റഡിക്ലാസിലൂടെ ആ കറുത്ത കോട്ടിട്ട വലിയ മനുഷ്യന്‍ മൊട്ടുണ്ണിയെ പറഞ്ഞ് മനസ്സിലാക്കി, ലോക്കല്‍ ടിക്കറ്റിന്‍റെയും എ.സി യാത്രയുടെയും വ്യത്യാസത്തെ കുറിച്ച്.
എല്ലാം വിശദമായി പറഞ്ഞ് കഴിഞ്ഞപ്പോള്‍, ഇനിയെങ്കിലും ഇറങ്ങി ജനറല്‍ കമ്പാര്‍ട്ട്‌മെന്‍റില്‍ കയറും എന്ന് കരുതി ആശ്വസിച്ചിരുന്ന റ്റി.റ്റി.ആറിനോട് മൊട്ടുണ്ണി ചോദിച്ചു:
'അല്ല, ഞാന്‍ ഇതില്‍ തന്നെ യാത്ര ചെയ്താല്‍ വക്കിലിന്‌ എന്താ കുഴപ്പം?'
കറുത്ത കോട്ടിടുന്നവരെല്ലാം വക്കിലാണെന്ന് കരുതുന്ന മൊട്ടുണ്ണിയെ റെയില്‍വേ പോലീസിന്‍റെ സഹായത്തോടെയാണത്രേ അയാള്‍ ജയിലിലാക്കിയത്.
രണ്ട് മാസത്തെ നീണ്ട ജയില്‍ വാസവും പിഴയും.
സത്യസന്ധമായ കുറെ ചോദ്യങ്ങള്‍ക്ക് റെയില്‍വേയുടെ മറുപടി!!!
ആ കദനകഥ ഇവിടെ തീരുന്നു.

ഇന്നലെ
സ്ഥലം: വെള്ളിയാഴ്ചക്കാവ് ഷാപ്പ്
ഷാപ്പിലോട്ട് കയറി വന്ന മൊട്ടുണ്ണിയുടെ നേരെ പരിഹാസത്തോടെ ആദ്യ ചോദ്യം തൊടുത്തത് കീലേരി അച്ചു ആയിരുന്നു:
'എവിടെയായിരുന്നു രണ്ട് മാസം?'
'ബിസനസ്സ് ടൂറിലായീരുന്നു' മൊട്ടുണ്ണിയുടെ മറുപടി.
'റെയില്‍വേ പോലീസിനൊപ്പമാണോ?' കീലേരി അച്ചുവിന്‍റെ അടുത്ത ചോദ്യം
മൊട്ടുണ്ണി മറുപടി പറയാതെ തിരിച്ച് നടന്നു.
അപ്പോള്‍ ഷാപ്പിലിരുന്ന് ആരൊക്കെയോ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.

രണ്ട് മാസം മാറി നിന്നപ്പോള്‍ എല്ലാരും തലയില്‍ കയറുന്നു എന്ന് മനസ്സിലായ മൊട്ടുണ്ണി തീരുമാനിച്ചു, ഇനി താനിവിടൊക്കെ തന്നെ കാണും.
ഈ ബൂലോകത്തും, തന്‍റെ നാട്ടിലും എപ്പോഴും കാണേണ്ടത് ഒരു അത്യാവശ്യമാണ്.
ഇനി വേണം എല്ലാവരോടും പഴയ ചില കണക്കുകള്‍ തീര്‍ക്കാന്‍..
തനിക്ക് കണക്ക് തീര്‍ക്കാനുള്ളവരുടെ പേരും വിവരവും മൊട്ടുണ്ണി മനസ്സില്‍ കുറിച്ച് തുടങ്ങി..
കീലേരി അച്ചു: കള്ള്‌ വാങ്ങി തന്ന വകയില്‍ 25 രൂപ..
കുളത്തിലാന്‍: കപ്പലണ്ടി മുഠായി വാങ്ങി തന്ന വകയില്‍ 2 രൂപ..
ദീപാംഗുരന്‍: കോണകം വാടകയ്ക്ക് തന്ന വകയില്‍ 6 രൂപ..
അതേ മൊട്ടുണ്ണി കണക്കെടുത്ത് തുടങ്ങി,
ഇനി മൊട്ടുണ്ണി കണക്ക് തീര്‍ക്കുന്ന ദിവസങ്ങള്‍.
കാത്തിരിക്കുക..
Powered By Blogger